Saturday, September 15, 2012

ഈ വർഷത്തെ വിശ്വകർമ്മ ദിനം 
സെപ്റ്റംബർ 17 ന് 
തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു പിറകിലെ 
ഭാഗ്യമാല ആഡിറ്റോറിയത്തിൽ വച്ച് സമുചിതമായി ആഘോഷിക്കുന്നു. 
പ്രശസ്തർ പ്രസംഗിക്കുന്നു. 
എല്ലാ വിശ്വകർമ്മജരും അന്നേ ദിവസം 2 മണിക്ക് 
ആഡിറ്റോറിയത്തിൽ  എത്തിച്ചേരേണ്ടതാണ്.

Sunday, November 6, 2011വിശ്വലയം 2011
-അര്‍ച്ചനാ ഷോബി
http://www.vovmagazine.com/


വിശ്വകര്‍മ്മ യു.എ.ഇ.യുടെ രണ്ടാം വാര്‍ഷികം വിശ്വലയം 2011 ഒക്ടോബര്‍ 7ന് ദുബായ്‌ ഖിസൈസ്‌ മില്ലെനിയം സ്‌ക്കൂളില്‍ വെച്ച്  രാവിലെ 11 മണിക്ക് നടന്ന ജനറല്‍ബോഡിക്കു ശേഷം , ഓണസദ്യയും പഞ്ചവാദ്യവും നടന്നു. ഉച്ചക്കു ശേഷം പി വി ഏ മീറ്റിങ്ങും വാര്‍ഷിക പൊതുയോഗവും നടന്നു.  വൈകുന്നേരം വിശ്വകര്‍മം ​യു.ഏ.ഈ പ്രസിഡന്റ് സന്തോഷ് പിലാക്കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം  മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി.ആചാരി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍,  രാഷ്ട്രീയ രംഗത്തും വിദ്യാഭ്യാസമേഖലയിലും തൊഴില്‍മേഖലയിലും വിശ്വകര്‍മജര്‍ അങ്ങേയറ്റം അവഗണനയനുഭവിക്കുന്ന സമുദായമാണെന്നും ഇതിനെതിരെ ശക്തമായി പോരാടണമെന്നും ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി പ്രസ്താവിച്ചു.
ഇന്ത്യയിലാകമാനം പത്ത് കോടിയോളം വരുന്ന വിശ്വകര്‍മസമുദായം അസംഘടിതരാണ്. കോണ്‍ഫെഡറേഷനു കീഴില്‍ ഇവര്‍ ഒന്നിച്ച് ശബ്ദമുയര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇതര സമുദായ അംഗങ്ങള്‍ സംഘടിതമായി വോട്ടുബാങ്ക് സൃഷ്ടിച്ച് അവകാശങ്ങള്‍ നേടുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടി എല്ലുമുറിയെ പണിയെടുക്കാനും വോട്ടുചെയ്യാനും മാത്രമാണ് വിശ്വകര്‍മ സമുദായത്തിന് നിയോഗം. കേരളത്തില്‍ത്തന്നെ വിശ്വകര്‍മ സമുദായം 75-ഓളം സംഘടനകളിലായി ചിതറിക്കിടക്കുകയാണ്. കേരളത്തില്‍ 40 ലക്ഷത്തോളം ആളുകള്‍ വിശ്വകര്‍മസമുദായ അംഗങ്ങളാണ്. പക്ഷേ ഒരു എം.എല്‍.എ. സ്ഥാനാര്‍ത്ഥിയായിപ്പോലും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിശ്വകര്‍മ സമുദായക്കാരെ പരിഗണിക്കുന്നില്ല. ഈ അവസ്ഥ മാറ്റാന്‍ സംഘടിതമായ മുന്നേറ്റം അനിവാര്യമാണ്-അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കൗണ്‍സല്‍ ജനറല്‍ എച്ച്.ഇ. ഫ്രാന്‍സിസ് സേവ്യര്‍ മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്തു.
 കോണ്‍സല്‍ ജനറല്‍ ഫ്രാന്‍സിസ് സേവ്യര്‍, പ്രവാസി ഐക്യവേദി ചെയര്‍മാന്‍ വിജയന്‍ ബഹ്‌റൈന്‍, വൈസ് ചെയര്‍മാന്‍ പി.എസ്.ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ഡോ. രാധാകൃഷ്ണന്‍ മസ്‌കറ്റ്, പ്രോഗ്രാം കണ്‍വീനര്‍ സജീവ് മുതുകുളം എന്നിവരും  പ്രസംഗിച്ചു.
വാര്‍ഷികയോഗം വിശ്വകര്‍മ യു.എ.ഇ.യുടെ പുതിയ ഭാരവാഹികളായി സജീവ് മുതുകുളം (പ്രസിഡന്റ്) സന്തോഷ് പിലാക്കാട്(ജനറല്‍ സെക്രട്ടറി) ദിലീപ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന ഗാനമേള അമൃത സൂപ്പര്‍സ്റ്റാര്‍ സിങ്ങര്‍ ആന്‍ഡ് കൈരളി ഗാന്ധര്‍വ്വ സംഗീതം വിജയി സംഗീതും, ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ ഫേം ലക്ഷ്മിയും നേതൃത്വം നല്‍കിയ സംഗീതപരിപാടിയും നൃത്ത നൃത്ത്യ പരിപാടികളും വി.കെ.യു.എ.ഇ. അംഗങ്ങളുടെ പ്രാധിനിത്യവും ഉണ്ടായിരുന്നു.

http://www.vovmagazine.com/

സ്വയം വളരുക, സഹോദരങ്ങളെ കൈപിടിച്ചുയര്‍ത്തുക

സ്വയം വളരുക
സഹോദരങ്ങളെ കൈപിടിച്ചുയര്‍ത്തുകകേരളത്തില്‍ വിശ്വകര്‍മ്മജര്‍ ഇല്ലാത്ത ഏതെങ്കിലും ഗ്രാമമോ പട്ടണമോ ഉണ്ടെന്നു തോന്നുന്നില്ല. മറ്റുള്ളവരുടെ പര്യമ്പുറത്ത്(വീടിന്റെ പുറകുവശം) പോയിരുന്ന് അന്നന്നേക്കുള്ള അന്നത്തിനുള്ള പണമുണ്ടാക്കുന്നതിനു്‌ വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്നവരാണ്‌ ബഹു ഭൂരിപക്ഷം വിശ്വകര്‍മ്മജരും എന്നതാണ്‌ സത്യം.ഇന്ന് തെങ്ങു കയറ്റക്കാര്‍ക്കു പോലും അവര്‍ നിശ്ചയിക്കുന്ന വിലയാണ്‌ ഓരോ ദിവസവും .എന്തേ വിശ്വകര്‍മ്മജര്‍ക്കു മാത്രം മറ്റുള്ളവര്‍ വിലയിടുന്നു?

വിശ്വകര്‍മ്മജരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരില്ലാത്തതാണോ അതോ വിലയില്ലാത്തതാണോ പ്രശ്നം? അല്ല. അവര്‍ സംഘടിതരല്ല, അവര്‍ക്കു വേണ്ടി വാദിക്കാന്‍ ആരുമില്ല എന്നതാണ്‌ പ്രധാന പ്രശ്നം.

വിശ്വകര്‍മ്മ സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി സാമ്പത്തികമായ പിന്നോക്കാവസ്ഥയാണ്. ഇന്ന് കേരളത്തിലെ 90% വിശ്വകര്‍മ്മജരും പരമ്പരാഗത തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്നവരും അതുകൊണ്ടുതന്നെ സാമ്പത്തികമായി ദുരിതം അനുഭവിക്കുന്നവരുമാണ്.ഒരു വ്യവസായിയുടെ പ്രധാന ലക്ഷ്യം, ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുകയും ചെയ്യുക എന്നുള്ളതാണ്‌. അതിനാല്‍ത്തന്നെ കുറഞ്ഞ കൂലിയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്നത് അവരുടെ ആവശ്യവുമാണ്‌. ഇവിടെ പണിയെടുക്കുന്നവര്‍ ചൂഷണം ചെയ്യപ്പെടുകയും കുറഞ്ഞ വേതനത്തില്‍ കൂടുതല്‍ പണിയെടുക്കേണ്ടിയും വരുന്നു.

ജീവിതകാലം മുഴുവന്‍ എല്ലുമുറിയെ പണിയടുത്താലും, കുട്ടികളുടെ വിദ്യാഭ്യാസം നടത്താനോ സ്വന്തമായി ഒരു കൂരയുണ്ടാക്കാനോ അവന് കഴിയാറില്ല. അതിന് പ്രധാന കാരണം വ്യാവസായിക മേഖലയില്‍ ഇന്ന് നടമാടുന്ന ചൂഷണം തന്നെ. ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഒട്ടുമിക്ക ഉല്‍പ്പന്നങ്ങളുടേയും സൃഷ്ടികര്‍ത്താക്കള്‍ വിശ്വകര്‍മ്മജരാണെങ്കിലും അതില്‍ നിന്ന് സാമ്പത്തിക നേട്ടം കൊയ്യുന്നത് ഇടനിലക്കാരും കച്ചവടക്കാരുമാണ്.

ഈ സ്ഥിതി വിശേഷം മാറ്റിയെടുക്കാന്‍ ഇന്നുവരെ ആരും ശ്രമിച്ചിട്ടുള്ളതായി കാണുന്നില്ല. അങ്ങിനെ അവര്‍ നന്നായി കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നതു തന്നെ കാരണം. അവര്‍ നാന്നായാല്‍ അവരെ ചൂഷണം ചെയ്ത് വന്‍ ലാഭം കൊയ്യാന്‍ കഴിയില്ല.

ഉല്‍പ്പന്നങ്ങള്‍ സ്വയം നിര്‍മ്മിക്കുന്നവന്‌ മാര്‍ക്കറ്റ് ചെയ്യാന്‍ ഒരിക്കലും കഴിയുകയില്ല. കാരണം ലളിതമാണ്‌. നിര്‍മ്മാണ മേഖലയും വിതരണ മേഖയും രണ്ടും രണ്ടാണ്‌ എന്നത് തന്നെ. നാമെന്നും വെള്ളം കോരികളും വിറകു വെട്ടികളുമായി അധഃപതിച്ചു പോകുന്നതിന്‌ പ്രധാന കാരണവും ഇതൊക്കെ തന്നെയാണ്‌.

അല്‍പ്പം മാറിചിന്തിച്ച് വ്യവസായിക മേഖലയിലേക്ക് തിരിഞ്ഞവര്‍ മാത്രമാണ് ഇന്ന് സാമ്പത്തികമായി ഉന്നതിയില്‍ നില്ക്കുന്ന വിശ്വകര്‍മ്മജര്‍. നമ്മെ രക്ഷിക്കാന്‍, നമ്മെ നയിക്കാന്‍, നമുക്കു വേണ്ടി വാദിക്കാന്‍ ആരെയാണ്‌ നാം കാക്കുന്നത്? ഇതിനൊക്കെ ആര്‍ക്കാണ്‌ സമയം?

ഇന്ന് സമയമാണ്‌ പണം . സമയം കൃത്യനിഷ്ടമായും ഉപയോഗപ്രദമായും ഉപയോഗിക്കുന്നവന്‍ മാത്രമേ ഉയര്‍ച്ചയിലേക്ക് പോവുകയുള്ളൂ. അങ്ങിനെ ചെയ്യാത്തവന്‍ ഉയര്‍ച്ച സ്വപ്നം കാണേണ്ടതില്ല.

പണി ചെയ്യാത്തവന്‍ മടിയന്മാരാകുന്നു മടിയന്മാര്‍ വീട്ടിനു ഭാരവും അങ്ങിനെ നാട്ടിനും ഭാരമാകുന്നു. പണം, അതില്ലെങ്കില്‍ നമുക്ക് എത്ര വേണ്ടപ്പെട്ടവരായാലും നമ്മെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കും.

ഈ അവസ്ഥക്ക് മാറ്റം വരേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. മാറ്റം വരുത്താന്‍ നമുക്കോരോരുത്തര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. മടി കളഞ്ഞ് ഊര്‍ജ്ജസ്വലതയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു.

നാഗസാക്കി, ഹിരോഷിമ ബോംബ് വര്‍ഷത്തോടെ തകര്‍ന്നു തരിപ്പണമായ ജപ്പാനിലെ ഓരോരുത്തരും ഒരോ ദിവസത്തിലേയും 24 മണിക്കൂറില്‍ 18 മണിക്കൂറും കഠിനാദ്ധ്വാനം ചെയ്താണ്‌ ലോകത്തിലെ തന്നെ വന്‍ ശക്തിയായി തിരിച്ചു വരവു നടത്തിയത്.

ജപ്പാനിലെ ഓരോ വീടും ഓരോ ചെറുകിട വ്യവസായ ശാലകളാണ്‌. അവിടെ ജോലി ചെയ്യുന്ന കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കാണ്‌. അങ്ങിനെ നിര്‍മ്മിക്കപ്പെടുന്ന ഓരോ ഉല്‍പ്പന്നങ്ങളും ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയുമാണ്‌. പറയുന്നത് കേട്ടിട്ടില്ലേ "ആള്‍ ജപ്പാനാണ്"എന്ന്? അങ്ങിനെ നിര്‍മ്മിക്കപ്പെടുന്ന ഓരോ ഉല്‍പ്പന്നങ്ങളും ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയുമാണ്‌. അതാണ്‌ നിശ്ചയദാര്‍ഢ്യത്തിന്റെ വില.

ഒന്നാലോചിച്ചു നോക്കൂ ജപ്പാന്‍കാരെക്കാളും കുലമഹിമയിലും ബുദ്ധിശക്തിയിലും മികച്ചവരല്ലേ കേരളത്തിലെ വിശ്വകര്‍മ്മജര്‍?

ജപ്പാന്‍കാരന്‍ ഒരു കസേര ഉണ്ടാക്കണമെങ്കില്‍ ആദ്യം ഡിസൈനര്‍ അതിന്റെ ഡിസൈന്‍ തയ്യാറാക്കും രണ്ടാമതായി സെറ്റര്‍ ഔട്ടര്‍ ഷോപ് ഡ്രായിങ്ങ് തയ്യാറാക്കും മൂന്നാമത്തെയാള്‍ കട്ടിങ്ങ് ലിസ്റ്റ് തയാറാക്കും പിന്നീട് പ്രൊഡക്ഷന്‍ എഞ്ചിനീയര്‍ മുഖേന കാര്‍പ്പെന്ററുടെ അടുത്തെത്തും . കാര്‍പ്പെന്റര്‍ അതു നിര്‍മ്മിക്കും . എന്നാല്‍ കേരളത്തിലെ വിശ്വകര്‍മ്മജനോ? മേല്‍ പറ്ഞ്ഞ 5 പേരുടെ ജോലിയും ക്വാണ്ടിറ്റി സര്‍വേയര്‍, എസ്റ്റിമേറ്റര്‍ തുടങ്ങിയ എല്ലാ ജോലികളും ഒറ്റക്കല്ലേ ചെയ്യുന്നത്?

അപ്പോള്‍ ആരാണ്‌ മികച്ചവര്‍? ഇത് ആത്മപ്രശംസയാണോ പരമമായ സത്യമല്ലേ? എന്നിട്ടാണോ നാം നമ്മുടെ സ്വത്വം വെളിപ്പെടുത്താന്‍ മടിക്കുന്നത്? വിശ്വകര്‍മ്മജനാണെന്നു പറയാന്‍ നാണിക്കുന്നത്?

ഇങ്ങിനെ പിന്നിലേക്കു മാറി നില്‍ക്കുന്നവരെ നമുക്ക് മുന്നിലേക്കു കൊണ്ടു വരേണ്ടിയിരിക്കുന്നു. ഇതില്‍ അഭ്യസ്ത വിദ്യരായ വിശ്വകര്‍മ്മ യുവാക്കളുടെ സേവനം അത്യന്താപേക്ഷികമാണ്‌. അവരെ എത്ര പ്രയത്നിച്ചും സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.

അപ്പോഴാണ്‌ ഒരു ചോദ്യമുയരുന്നത്, എന്താ നമുക്കല്ലേ ഏറ്റവും കൂടുതല്‍ സംഘടനകള്‍ ഉള്ളത്? അതെ ശരിയാണ്‌. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഘടനകള്‍ ഉള്ള സമുദായം വിശ്വകര്‍മ്മ സമുദായം മാത്രമാണ്‌. ആ സംഘടനയല്ല ഇവിടെ ഉദ്ദേശിച്ചത്.

ഓരോ പ്രദേശത്തേയും വിദ്യാസമ്പന്നരായ വിശ്വകര്‍മ്മ യുവാക്കള്‍ കൊടികള്‍ മറന്ന് സമുദായ ഉന്നമനത്തിന്നായി ഓരോ സമുദായാംഗങ്ങളേയും പര്യമ്പുറത്തു നിന്ന് പൂമുഖത്തേക്ക് കൊണ്ടു വരുവാന്‍ മുന്നിട്ടിറങ്ങുക.ഇതാണ്‌ ഞാനുദ്ദേശിച്ച സംഘടന.

മറ്റു സംഘടനകള്‍ അങ്ങിനെ തന്നെ തുടരട്ടെ. നമ്മുടെ ലക്ഷ്യം രാഷ്ട്രീയ നേട്ടം അല്ല. സമുദായ ഉയര്‍ച്ച മാത്രമാണ്‌. അതിനു വേണ്ടിയുള്ള ഒരു ടീം വര്‍ക്ക്.

നമ്മെ ഭിന്നിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ശക്തികളെ ഗൌനിക്കാതിരിക്കുക. നമ്മുടെ കുട്ടികളെ ഞാന്‍ വിശ്വകര്‍മ്മജനാണെന്നു നെഞ്ചു വിരിച്ചു നിന്ന് പറയാന്‍ പ്രാപ്തനാക്കുക.

നമ്മുടെ പഴയകാല നേതാക്കന്മാരുടെ പാളിച്ചകള്‍ എന്തെല്ലാമായിരുന്നു എന്ന് ചര്‍ച്ച ചെയ്ത് വിലയിരുത്തുക. അവരെ പഴിക്കുന്നതിനു പകരം സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും ശ്രമിക്കുക.

നമ്മെ നയിക്കാനായി ഒരു യുഗ പുരുഷന്‍ ഉടലെടുക്കുന്നതു വരെ കാക്കാന്‍ നമുക്ക് സമയമില്ല. നേതൃത്വം സ്വയം ഏറ്റെടുക്കുക. നിങ്ങളുടെ പ്രദേശത്ത് ഒരു സഹകരണ സംഘം തുടങ്ങിയോ മറ്റു കേന്ദ്ര സംസ്ഥാന വ്യവസായ സംരംഭക വായ്പകള്‍ സംഘടിപ്പിച്ചോ കഴിയുന്നത്ര ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി ഓരോ വര്‍ക്ക്ഷോപ്പുകള്‍ (വ്യവസായ യൂണിറ്റുകള്‍) തുടങ്ങുക. ഇത് ആശാരി, മൂശാരി, കൊല്ലന്‍ , തട്ടാന്‍ എന്നിങ്ങനെ പക്ഷാ ഭേദമില്ലാതെഎല്ലാവരും ചേര്‍ന്ന് വ്യവസായ യൂണിറ്റ് തുടങ്ങുന്നതിനും അതിന്റെ ഭരണപരമായ നടത്തിപ്പിനും , ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനും നിങ്ങള്‍ തന്നെ നേതൃത്വം കൊടുക്കുക. വിദ്യാഭ്യാസമുള്ള യുവാക്കള്‍ക്കും തൊഴില്‍ കണ്ടെത്താനുള്ള അനന്ത സാധ്യതകള്‍ ഇതില്‍ നിന്ന് തെളിഞ്ഞു വരുന്നത് കാണാം.

സസ്നേഹം 
വക്കം ജി ശ്രീകുമാര്‍


Read
VOV Magazine Voice of Viswakarma
(Free online Magazine)

http://www.vovmagazine.com/